യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം പിന്നിടുമ്പോഴും ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ് റഷ്യ. മരിയുപോൾ പിടിച്ചടക്കാനുള്ള പദ്ധതികൾ ഊർജിതമാക്കി. നഗരം പിടിച്ചടക്കാനുള്ള നീക്കത്തിനിടെ അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളിന് നേരെ റഷ്യ വീണ്ടും ബോംബാക്രമണം നടത്തി. അതിനിടെ യുദ്ധത്തിന് മുന്നറിയിപ്പുമായി സെലൻസ്കി രംഗത്തെത്തി. ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധമെന്നാണ് അതിനര്‍ഥമെന്നും യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രൈനിലെ റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനവും സെലൻസ്കി മരവിപ്പിച്ചു. 11 രാഷ്ട്രീയ പാർട്ടികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പുതിയ ലോകക്രമം സൃഷ്ടിക്കലാണ് പുടിന്‍റെ ശ്രമമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്ന് 10 ദശലക്ഷം പേർ പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പലായനം ചെയ്തവരിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യുനിസെഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.5 ദശലക്ഷത്തിലധികം കുട്ടികളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ളവ വർധിക്കാൻ സാധ്യതയുള്ളതായും യു.എൻ മുന്നറിയിപ്പ് നൽകി.