റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ അഭയാർത്ഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കുന്നത്.
ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 3,389,044 യുക്രെയ്ൻ പൗരന്മാർ രാജ്യത്ത് നിന്ന് പലായനം ചെയ്തെന്ന് ശനിയാഴ്ച പുറത്തിറക്കിയ യു.എൻ.എച്ച്.സി.ആറിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 60,352 പേർ പുതുതായി പലായനം ചെയ്തതായും യു.എൻ വിവരിക്കുന്നു.പലായനം ചെയ്തവരിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 18നും 60നും ഇടയിൽ പ്രായമുള്ള യുക്രെയ്നിലെ പുരുഷന്മാർക്ക് സൈനിക സേവനം ചെയ്യേണ്ടതിനാൽ അവർക്ക് രാജ്യം വിട്ടുപോകുവാൻ സാധിക്കില്ല.
ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംഘടനയായ യുനിസെഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പലായനം ചെയ്തവരിൽ 1.5 ദശലക്ഷത്തിലധികം കുട്ടികളാണ്. കൂടാതെ, മനുഷ്യക്കടത്ത് ഉൾപ്പടെയുള്ളവ വർധിക്കാൻ സാധ്യതയുള്ളതായും യു.എൻ മുന്നറിയിപ്പ് നൽകുന്നു.