മോസ്കോ: യുക്രെയ്നില്‍ ആണവായുധം പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍. ആണവ ഒഴിപ്പിക്കല്‍ ഡ്രില്‍ നടത്താന്‍ വ്‌ളാദിമിര്‍ പുടിന്‍ ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും യുദ്ധം ആരംഭിക്കുന്നതിന് മുമ്പേ പുടിന്‍ തന്‍റെ കുടുംബാംഗങ്ങളെ സൈബീരിയയിലേക്ക് മാറ്റിയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് പടിഞ്ഞാറന്‍ യുക്രെയിനിലെ ഡെലിയാറ്റന്‍ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകര്‍ത്തുവെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗര്‍ കൊനെഷെങ്കോവ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പുടിന്റെ ഉത്തരവ്.
സൈബീരിയയില്‍ പണിത അത്യാധുനിക സൗകര്യങ്ങളുളള അതിസുരക്ഷാ ബങ്കറില്‍ പുടിന്‍ കുടുംബാംഗങ്ങളെ താമസിപ്പിച്ചെന്നാണ് റിപോര്‍ട്ടുകള്‍. ആണവ ബോംബുകള്‍ക്ക് പോലും തകര്‍ക്കാന്‍ കഴിയാത്ത സുരക്ഷയുളള ബങ്കറുകളാണ് ഇതെന്ന് മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ മുന്‍ പ്രഫസറും രാഷ്ട്രീയ പഠന വിദഗ്ധനുമായ വലേറി സോളോവിയെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്വദേവ്, പുടിന്റെ മനസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിത വാലന്റിന മാത്വിയേങ്കോ, പാര്‍ലമെന്റ് അധോസഭയായ ഡ്യൂമയുടെ ചെയര്‍മാന്‍ വ്യാചെസ്ലാവ് വൊളോഡിന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്ക് ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് പുടിന്‍ സൂചന നല്‍കി. ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് സജ്ജമാകാന്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും രാജ്യന്തര മാധ്യമത്തിലെ റിപോര്‍ട്ടില്‍ പറയുന്നു.