കീവ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം. റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘യുക്രൈനിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന തലക്കെട്ടോടെ യുക്രൈന്‍ വിദേശമന്ത്രാലയം വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
400 പേര്‍ അഭയം പ്രാപിച്ച മരിയുപോള്‍ ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് മരിയാപോള്‍ നിവാസികള്‍ റഷ്യന്‍ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടതായി സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.
തുറമുഖ നഗരമായ മരിയാപോളില്‍ റഷ്യ നടത്തിയ ആക്രമണം വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ള ഭീകരതയാണെന്ന് യുക്രൈനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.