ഇംഫാല്‍: മണിപ്പൂരില്‍ എന്‍. ബീരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പ്രഖ്യാപനവുമായി ബിജെപി. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ബിശ്വജിത് സിങ്, യുമ്‌നം ഖേംചന്ദ്, ബീരേന്‍ സിങ് എന്നിവര്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമായതോടെ മണിപ്പൂരിലെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജുവും ഞായറാഴ്ച മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ എത്തി ബീരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
മുന്‍ ഫുട്‌ബോള്‍ താരവും പത്രപ്രവര്‍ത്തകനുമായിരുന്ന 61-കാരനായ ബീരേന്‍ സിങ്ങായിരുന്നു മണിപ്പൂരില്‍ ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി മണിപൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി.