തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പേയ്‍മെന്‍റ് സീറ്റ് ആണെന്ന് ആരോപണം ഉയർത്തി ആര്‍എസ്‍പി. സീറ്റ് ജെബി മേത്തര്‍ പണം കൊടുത്ത് വാങ്ങിയതാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കി. ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്ക് എടുത്ത് സംസാരിക്കവേയായിരുന്നു അസീസിന്‍റെ ആരോപണം. ജെബി മേത്തറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ അതൃപ്തിയും രൂക്ഷ വിമര്‍ശനവും ഒക്കെ പുറത്തുവരുന്ന സാഹചര്യത്തിലാണ് യുഡിഎഫിന്‍റെ ഘടകക്ഷിയില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് വനിതയെ രാജ്യസഭയിലേക്ക് എംപിയായി ഇപ്പോൾ അയക്കുന്നത്.