ജിദ്ദ: സൗദിയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണ ശ്രമം കേന്ദ്രത്തിന്റെ പ്രവർത്തനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് അരാംകോ സി.ഇ.ഒയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എൻജിനീയർ അമീൻ അൽ നാസർ അറിയിച്ചു.
ജിസാൻ, ഖമീസ് മുഷൈത്, ത്വാഇഫ്, യാംബു, ദഹ്‌റാൻ അൽ ജനൂബ് എന്നിവിടങ്ങളിലായി ഹൂതികളുടെ ഒമ്പത് ഡ്രോണുകളും ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് അരാംകൊ കമ്പനിയുടെ സ്ഥിരീകരണം.
റഷ്യയിൽ സൗദിക്ക് വാണിജ്യ പ്രവർത്തനങ്ങളൊന്നുമില്ലെന്നും ഒരു ഗവേഷണ വികസന കേന്ദ്രം മാത്രമാണുള്ളതെന്നും എൻജിനീയർ അമീൻ അൽ നാസർ പറഞ്ഞു. റഷ്യയ്‌ക്കെതിരായ എല്ലാ ഉപരോധങ്ങളും സൗദി അരാംകോ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയ്ക്ക് യുവാനിൽ സൗദി അറേബ്യ ക്രൂഡ് ഓയിൽ വിൽപ്പന നടത്തുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളോടുള്ള പ്രതികരണമായി, അത്തരം കിംവദന്തികളെക്കുറിച്ചോ ഊഹാപോഹങ്ങളെക്കുറിച്ചോ താൻ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.