മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രം. മികച്ച ചിത്രങ്ങളുമായി ദുൽഖർ ഓരോ തവണ എത്തുമ്പോഴും ആരാധകരുടെ മനസിൽ ആ കൂട്ടുകെട്ട് എന്നുണ്ടാകും എന്ന ചോദ്യമുയരാറുണ്ട്. ഇപ്പോഴിതാ അതിനു മറുപടി നൽകുകയാണ് ദുൽഖർ സൽമാൻ.
‘വാപ്പിച്ചിയോടൊപ്പം അഭിനയിക്കാൻ എനിക്കും താല്പര്യമുണ്ട്, പക്ഷെ അതിന് അദ്ദേഹവും ചിന്തിക്കണം’ എന്നാണ് ദുൽഖർ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. “തൽക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിന് പിന്നിൽ നല്ല ഉദ്ദേശ്യമാണ്. രണ്ടു പേരും വേറെ വേറെ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടു പേർക്കും സിനിമയിൽ തനതു വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ, എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും സ്ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ എനിക്കും ആഗ്രഹമുണ്ട്.” ദുൽഖർ പറഞ്ഞു.
‘ഭീഷ്മപർവ്വ’ത്തിലെ സൗബിന്റെ കഥാപാത്രം ചെയ്യായിരുന്നില്ലേ എന്ന ആരാധകരുടെ ചോദ്യങ്ങളിലും ദുൽഖർ പ്രതികരിച്ചു. സൗബിൻ അജാസിനെ അസ്സലായി അവതരിപ്പിച്ചെന്നും താനത് ആസ്വദിച്ചെന്നും ദുൽഖർ പറഞ്ഞു. പാൻ ഇന്ത്യൻ താരം എന്ന ലേബൽ താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഇതരഭാഷ സിനിമകൾ അറിയാനും പഠിക്കാനുമുള്ള ആഗ്രഹമുണ്ട്. അതാണ് തന്നെ മറ്റു ഭാഷ ചിത്രങ്ങളിലേക്ക് എത്തിക്കുന്നതെന്നും ദുൽഖർ വ്യക്തമാക്കി.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അരവിന്ദ് കരുണാകരൻ പൊലീസ് ഓഫീസറായാണ് ദുൽഖർ ചിത്രത്തിൽ. ബോബി- സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.