ബംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തള്ളിയ കർണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ജഡ്ജിമാർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
കോവൈ റഹമത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും എസ് ജമാൽ മുഹമ്മദ് ഉസ്മാനിയെ തഞ്ചൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് നടന്നത്.പ്രതികൾക്കെതിരെ കർണാടകയിലും തമിഴ്‌നാട്ടിലും നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ഖാജി ജയ്ബുന്നേസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച്, ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ട് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് അടിവരയിട്ടു.