യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സ്വിസ് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ക്രെംലിൻ ഉന്നതരുടെ ഫണ്ട് മരവിപ്പിക്കാൻ സ്വിസ് ബാങ്കുകൾ തയ്യാറാകണം. ഭക്ഷ്യ ഭീമനായ നെസ്ലെ ഉൾപ്പെടെയുള്ള കമ്പനികൾ റഷ്യയുമായി വ്യാപാരം നിർത്തണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ബേണിലെ സ്വിസ് പാർലമെന്റിന് പുറത്ത് നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുക്രെയ്ൻ തെരുവുകളിൽ കുട്ടികൾ കൊലപ്പെടുമ്പോഴും, നഗരങ്ങൾ നശിപ്പിക്കപ്പെടുമ്പോഴും നെസ്ലെ ഉൾപ്പെടെയുള്ള കമ്പനികൾ റഷ്യയുമായി വ്യാപാരം തുടരുന്നു. യുദ്ധം അഴിച്ചുവിട്ട ആളുകളുടെ പണം ഉള്ളത് സ്വിസ് ബാങ്കുകളിലാണെന്നത് വേദനാജനകമാണ്. ഇത് തിന്മയ്ക്കെതിരായ പോരാട്ടമാണ്, അക്കൗണ്ടുകൾ മരവിപ്പിക്കുക”- സെലെൻസ്കി പറഞ്ഞു.