ചെന്നൈ: അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ചതിന് എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശൺമുഖം അറസ്റ്റിൽ. 2020 ജൂലൈയിൽ നടന്ന സംഭവത്തിലാണ് അയൽക്കാരിയെ അപമാനിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് നടന്നത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ പാതിൽപ്പടിയിൽ ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്.
പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ക്വാറന്റീൻ നടപടികൾ ലംഘിക്കൽ തുടങ്ങിയ മൂന്ന് വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. എന്നാൽ പിന്നീട് സമ്മർദ്ദത്തിന് വഴങ്ങി 60കാരി പിന്നീട് പരാതി പിൻവലിച്ചു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനാൽ കേസിൽ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പൊലീസ്.
പരാതിക്കാരിയുടെ വീടിന്റെ വാതിലിന് സമീപം മൂത്രമൊഴിക്കുന്ന സുബ്ബയയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 2020 ഒക്ടോബറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബോർഡ് അംഗമായി സുബ്ബയ്യയെ നിയമിക്കപ്പെട്ടിരുന്നു. നിയമനത്തിനെതിരെ പ്രസ്തുത കേസ് ഉന്നയിച്ച് ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. സ്വഭാവ ദൂശ്യമുള്ള ഒരാളെ ബോർഡ് അംഗമാക്കരുതെന്നായിരുന്നു പ്രതിഷേധകരുടെ ആവശ്യം.