തിരുവനന്തപുരം: ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ.നെറ്റോയെ അഭിഷിക്തനായി. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റിയൻ ഗ്രൗണ്ടിലെ ചടങ്ങിൽ അതിരൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ഡോ. എം. സൂസപാക്യം മുഖ്യഅഭിഷേകകനും മുഖ്യകാർമികനുമായി.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലി ചടങ്ങിൽ വചന സന്ദേശം നൽകി. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്കാ ബാവാ സുവിശേഷ പ്രഘോഷണം നടത്തി.
റോമിൽനിന്നുളള പ്രഖ്യാപനം വായിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൈവയ്പ് കർമം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽവച്ച് പ്രതിഷ്ഠാപന പ്രാർഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കു ശേഷം സ്ഥാനചിഹ്നങ്ങളായ അംഗവടി, അംശമുടി , മോതിരം എന്നിവ അണിയിച്ചു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിനു സമാധാനചുംബനം നൽകി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ.
ഡോ. എം സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണു നിയുക്ത ആർച്ച് ബിഷപ്പായി മോൺ.തോമസ് ജെ.നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 2 നു നിയമിച്ചത്. പുതിയ തുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ. തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോ- ഓർഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്.