കളമശ്ശേരി: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനായി ഇൻഫോപാർക്ക് ആസ്ഥാനമായ ഫിൻടെക് സ്ഥാപനം ഏസ്മണി ആവിഷ്കരിച്ച ഫയർ 2022 (ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ഫോർ റിയൽ എംപവർമെന്റ്) എന്ന പരിപാടിക്ക് തുടക്കമായി. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കളമശ്ശേരി കിൻഫ്രാ ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഫയർ 2022-ന്റെ ഭാഗമായി ഗ്രാമീണ വനിതകൾക്കായി ഏസ്മണി നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സഹകരണ ബാങ്കുകൾക്കുള്ള ഡിജിറ്റൽ ബാങ്കിങ് കിറ്റിന്റെ വിതരണം കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന് നൽകി കൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ബാങ്കിങ് സോഫ്റ്റ്വെയർ, മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ, യുപിഐ, പ്രീപെയ്ഡ് കാർഡുകൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയും പരിപാടിയുടെ ഭാഗമായി ആരംഭിച്ചു. ഏസ്മണി എംഡി നിമിഷ ജെ. വടക്കൻ മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ലീഡ് ബിസിനസ് ഡെവലപ്മെന്റ് വിപിൻ ബാബു, മാനേജർ, ബിസിനസ് ഡെവലപ്മെന്റ് നെവിൽ ജോസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ അജീഷ എം.എ, ഫ്യൂച്ചർ ഏസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അഷ്ന പി.എ, ഏസ്മണി സിഇഒ ജിമ്മിൻ ജെ. കുറിച്ചിയിൽ, ഡയറക്ടർ ജുബിൻ ജെ. കുറിച്ചിയിൽ, ടീം വൺ അഡ്വർട്ടൈസ്മെന്റ്സ് എംഡി വിനോദിനി ഐസക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.