ദുൽഖർ ചിത്രം ‘സല്യൂട്ടി’ൻറെ വിജയാരാവങ്ങളിൽ ഏറെ സന്തോഷവാനാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം ശ്രദ്ധേയവേഷം ചെയ്ത ഷാഹീൻ സിദ്ധിഖ്. ദുൽഖറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൻറെ വിശേഷങ്ങൾ നടൻ സിദ്ദിഖിൻറെ മകനായ യുവ നടൻ ഷാഹീൻ സിദ്ധിഖ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു.
വളരെ യാദൃശ്ചികമായിട്ടാണ് ഞാൻ സല്യൂട്ടിൽ അഭിനയിക്കുന്നത്. മറ്റൊരാവശ്യത്തിനായി സംവിധായകൻ റോഷൻ ആൻഡ്രൂസ് സാറിനെ കാണാൻ ചെന്നപ്പോൾ സാർ എന്നെ സല്യൂട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഓർക്കാപ്പുറത്ത് കിട്ടിയ ഭാഗ്യം ശരിക്കും പേടിപ്പിച്ച് കളഞ്ഞു. നീയൊന്നും പേടിക്കേണ്ട, ധൈര്യമായിട്ട് വരുക. റോഷൻ സാർ പറഞ്ഞു.
സാറിൻറെ വാക്കുകളാണ് എന്നെ ‘സല്യൂട്ട്’ ചെയ്യാൻ പ്രേരിപ്പിച്ചത്. റോഷൻസാറിൻറെ ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിക്കുക അത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. ‘മഹേഷ്’ എന്ന പോലീസ് ഓഫീസറായിട്ടാണ് ഞാൻ ‘സല്യൂട്ടിൽ ദുൽഖറിനൊപ്പം അഭിനയിച്ചത്. ദുൽഖർ ജ്യേഷ്ഠസഹോദരനായി കാണുന്ന കഥാപാത്രമാണ് മഹേഷ്.
ഞാൻ ആദ്യമായിട്ടാണ് ദുൽഖറിനൊപ്പം അഭിനയിക്കുന്നത്. കുടുംബപരമായി ഞങ്ങൾ അടുത്ത ബന്ധമുണ്ടെങ്കിലും സിനിമയിൽ ഒന്നിക്കുന്നത് ആദ്യമായിട്ടായിരുന്നു. ലൊക്കേഷനിൽ ദുൽഖറിൻറെ ഇടപെടലുകൾ ശരിക്കുമെന്നെ ഞെട്ടിച്ചു. എല്ലാവരോടും ഒരേ പെരുമാറ്റമാണ് ദുൽഖറിന്. ആരോടും വിവേചനമില്ല.വേണമെങ്കിൽ ദുൽഖറിന് കാരവനിൽ വിശ്രമിക്കാം. പക്ഷേ അദ്ദേഹത്തിന് മുഴുവൻ സമയവും സഹപ്രവർത്തകരുടെ കാര്യത്തിലാണ് ശ്രദ്ധ.
കൂടെയുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. എല്ലാക്കാര്യത്തിനും ഓടിനടന്ന് വേണ്ടത് ചെയ്യും. ദുൽഖറിൻറെ കെയറാണ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. സഹപ്രവർത്തകരെ തന്നോട് ചേർത്തിരുത്തി സംസാരിക്കുന്ന ദുൽഖറിൻറെ കരുതൽ വലിയൊരു മാതൃക തന്നെയാണ്. ഷാഹീൻ സിദ്ദിഖ് പറഞ്ഞു. സല്യൂട്ടിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് ഷാഹീൻ സിദ്ദിഖ് അവതരിപ്പിച്ച മഹേഷ് എന്ന പോലീസ് ഓഫീസർ.