പാലക്കാട്: അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ വെച്ച് ഡിവൈഎഫ്ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മർദ്ദനം. അഗളി മുൻ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മർദ്ദനമേറ്റത്.
അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മർദിച്ചത്. മണികണ്ഠേശ്വരനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ കൈവീശിയടിക്കുന്നതും മണികണ്ഠേശ്വരന് ഒപ്പമുള്ളവർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയത്.
അതേസമയം, ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.