കൊച്ചി: ഡീസല്‍ വിലവർദ്ധനവിനെതിരെ കെ എസ് ആർ ടി സി ഹൈക്കോടതിയിൽ ഹർജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിനെതിരെയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയിരുന്നു. ഈ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെ എസ് ആർ ടി സിയുടെ വാദം.
2022 ഫെബ്രുവരി 18-ന് മാര്‍ക്കറ്റ് വിലയേക്കാള്‍ 4.41 രൂപ അധിക നിരക്കിലും മാര്‍ച്ച് 16 ന് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വിലവർധനക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കെ എസ് ആർ ടി സിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വർധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 4 ലക്ഷം ലിറ്റർ ഡിസലാണ് കെ എസ് ആർ ടി സിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെ എസ് ആർ ടി സിക്ക് താങ്ങാൻ കഴിയില്ല. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞിരുന്നു.