ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടനാസംവിധാനത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്താനായി തിരുത്തല്‍വാദി നേതാക്കള്‍ സമര്‍ദം ശക്തമാക്കുന്നതിനിടെ അനുനയ നീക്കവുമായി സോണിയാ ഗാന്ധി. ജി-23 നേതാക്കളുടെ യോഗത്തിനു പിന്നാലെ സോണിയ ഗാന്ധിയുമായി മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയായ 10 ജൻപഥിലായിരുന്നു കൂടിക്കാഴ്ച. തിരുത്തൽവാദി സംഘത്തിലെ മറ്റ് നേതാക്കളുമായും സോണിയ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.
നേരത്തെ ജി-23 നേതാക്കളിലൊരാളായ മുൻ ഹരിയാന മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഭുപീന്ദർ സിംഗ് ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയാണ് ജി23 നേതാക്കള്‍ യോഗം ചേര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരുത്തല്‍ വാദി നേതാക്കള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്നിരുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെ ജി23 നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്നുമുള്ള നിലപാടിലാണ് ജി 23 നേതാക്കള്‍. ഗാന്ധി കുടുംബമടക്കം നേതൃത്വത്തിൽനിന്നു മാറിനിൽക്കണമെന്നും എങ്കിലെ പാർട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.
സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന ഉറച്ച നിലപാടിലാണ് ജി23 നേതാക്കള്‍. ഇക്കാര്യം ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ വ്യക്തമായി ധരിപ്പിക്കാനിരിക്കുകയാണ്. പ്ലീനറി സെഷനില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന സൂചന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി നല്‍കിയിരുന്നു. എഐസിസി പ്ലീനറി സെഷന് ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകും നടക്കുകയെന്നും ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പു പരാജയങ്ങളിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള നേതാക്കളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണു മുതിർന്ന നേതാവ് പി. ചിദംബരം പ റഞ്ഞത്. ജി-23 നേതാക്കൾ കോണ്‍ഗ്രസിനെ പിളർത്തരുതെന്നും ചിദംബരം അഭ്യർഥിച്ചു.
ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ല. നേതൃനിരയിലുള്ള എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ, പരാജയത്തിന്റെ ഉത്തരവാദിത്വം എഐസിസി തലപ്പത്തുള്ളവർക്കു മാത്രമാണെന്നു പറയാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.