ജിദ്ദ: റമദാൻ അടുത്തതോടെ സൗദിയിൽ വീട്ടുജോലിക്കാർക്ക് ആവശ്യക്കാരേറെ. ആവശ്യക്കാർ വർധിച്ചതോടെ വേതനം ഇരട്ടിയായതായി റിപ്പോർട്ട്. ചില പ്രദേശങ്ങളിൽ പ്രതിമാസവേതനം 5,000 റിയാൽ കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ റിയാദ് നഗരത്തിൽ ഗാർഹിക തൊഴിലാളികളുടെ വേതനം 1,035 റിയാൽ ആയിരുന്നത് ഇപ്പോൾ 4,000 റിയാലിലെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാർഹിക തൊഴിലാളികളുടെ വേതനം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
ജീസാൻ നഗരത്തിൽ സാധാരണ സമയങ്ങളിൽ 1,500 റിയാലാണ് ഗാർഹിക ജീവനക്കാരുടെ കൂലി. റമദാൻ മാസത്തോടടുക്കുമ്പോൾ അത് 2,773 റിയാലിലെത്തി. അബഹ നഗരത്തിൽ വേതനം 3,000 റിയാലിലെത്തി. ഇവിടങ്ങളിൽ 500 റിയാൽവരെ ഇനിയും വർധിച്ചേക്കാം.
സാധാരണ സമയങ്ങളിൽ 3,200 നും 3,600 റിയാലിനും ഇടയിലുള്ള കിഴക്കൻ പ്രവിശ്യയിലെ ഗാർഹിക ജീവനക്കാരുടെ വേതനം റമദാൻ മാസത്തിൽ 4,655ൽ എത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുസരിച്ച് ഇത് ഇനിയും ഉയർന്നേക്കാം. മദീനയിൽ സാധാരണ ദിവസങ്ങളിൽ ഒരു സ്ത്രീതൊഴിലാളിയുടെ വേതനം 2,990 ആയി കണക്കാക്കപ്പെട്ടിരുന്നു. അതിപ്പോൾ 5,000 റിയാലായി ഉയർന്നിട്ടുണ്ട്. ജിദ്ദയിൽ നിലവിലെ വേതനം 2,500 ആണ്. റമദാനിൽ ഇവിടെ 3,980 ആയി ഉയരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.