വെണ്ണിയോട്: ജനകീയ ഹോട്ടലിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞു. പ്രതികാരമായി ജനകീയ ഹോട്ടലുകാർ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗ ശൂന്യമാക്കി ഹോട്ടലുടമ. വയനാട് വെണ്ണിയോടാണ് സംഭവം. ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കിയ പ്രതിയെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ജനകീയ ഹോട്ടലിനോട് ചേർന്ന് ഹോട്ടൽ നടത്തിയിരുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവൻ മമ്മൂട്ടി എന്ന അൻപത്തിയെട്ടുകാരനാണ് പിടിയിലായത്. ഇന്നലെ രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോൾ മുതലാണ് കുടിവെള്ളം പതയുന്നതായും സോപ്പുപൊടിയുടെ രൂക്ഷമായ മണം അനുഭവപ്പെടുകയും ചെയ്തത്. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലർത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവർത്തകർക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണത്തിലാണ് കിണറിൽ സോപ്പുപൊടി കലക്കി ഒഴിച്ചയാളെ കണ്ടെത്തിയത്. സമീപത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും, പഞ്ചായത്ത് ജീവനക്കാർക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നൽകി വരുന്നത് ജനകീയ ഹോട്ടലായിരുന്നു. വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കീടനാശിനിയോ മറ്റ് വിഷവസ്തുക്കളോ കണ്ടെത്തിയാൽ ഇയാൾക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.