കൊച്ചി: എത്രയെത്ര പാട്ടുകൾ; എല്ലാം ആത്മാവിനെ തൊട്ടുണർത്തുന്നവ. ‘ആനന്ദകല്യാണം’ ഒരു സമ്പൂർണ്ണ സംഗീത സിനിമയാണ്. സംഗീതപ്രേമികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒത്തിരി പാട്ടുകൾ സമ്മാനിച്ചുകൊണ്ടാണ് ആനന്ദകല്യാണം നാളെ 18ന് തിയേറ്ററിലെത്തുന്നത്. പത്ത് ഗായകർ, ആറ് ഗാനരചയിതാക്കൾ, അഞ്ച് പാട്ടുകൾ അങ്ങനെ പാട്ടുവിശേഷം ഒത്തിരിയാണ് ഈ ചിത്രത്തിൽ.
വിവിധ ഭാഷകളിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ദക്ഷിണേന്ത്യൻ ഗായിക സന മൊയ്തൂട്ടി മലയാളസിനിമയിൽ ആദ്യമായി പാടിയ ചിത്രവും ആനന്ദകല്യാണമാണ്.
യുവ സംഗീത സംവിധായകരിൽ ഏറെ ശ്രദ്ധേയനും ഒട്ടേറെ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കിയ രാജേഷ് ബാബു കെ ശൂരനാടാണ് ആനന്ദകല്യാണത്തിന് സംഗീതം ഒരുക്കിയിട്ടുളളത്. നിഷാന്ത് കൊടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ നാഥ്, സജിത മുരളീധരൻ, പ്രഭാകരൻ നറുകര, രചന സുബ്രഹ്മണ്യൻ കെ കെ തുടങ്ങിയവരാണ് ഗാനരചയിതാക്കൾ, മലയാളവും തമിഴും ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാർ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ആനന്ദകല്യാണം.
എം ജി ശ്രീകുമാറും യുവഗായകൻ ശ്രീകാന്ത് കൃഷ്ണയും ചേർന്ന് പാടിയ “കള്ളെടുക്കെടീ കറിയെടുക്കെടീ കറുത്ത പെണ്ണാളേ” “വെളുവെളുങ്ങനെ ചിരിച്ചിരിക്കെടീ മുല്ലപ്പൂം പല്ലാലേ” എന്ന് തുടങ്ങുന്ന ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷമാണ് എം ജി ശ്രീകുമാറിൻറെ സ്വരമാധുരിയിൽ ഇത്തരമൊരു ഗാനം പുറത്തിറങ്ങുന്നത്. ഫാമിലി എൻറർടെയ്നറായ ആനന്ദകല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ്.ചിത്രം തിയേറ്ററിൽ എത്തുംമുമ്പേ ഗാനങ്ങളൊക്കെ ഹിറ്റായ ഒരു പുതുമ കൂടി ആനന്ദകല്യാണത്തിനുണ്ട്.
ലോകമലയാളികളുടെ ഹൃദയം കവർന്ന കുട്ടിപ്പാട്ടുകാരി ആര്യനന്ദ ബാബു ആദ്യമായി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. രചന സുബ്രഹ്മണ്യം കെ കെ രചിച്ച ‘ നെഞ്ചിനുള്ളിലെന്നോ കാത്തുവെച്ചു ‘ എന്ന ഖവാലി ശൈലിയിലുള്ള ഗാനം പി കെ സുനിൽകുമാറിനൊപ്പം പാടിക്കൊണ്ടാണ് ആര്യനന്ദ പിന്നണിഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. നജീം അർഷാദും പാർവ്വതിയും ചേർന്ന് പാടിയ ‘എൻ ശ്വാസക്കാറ്റേ’ എന്ന ഗാനം പുറത്തുവിട്ട് മണിക്കൂറുകൾക്കകം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഗാനമായിരുന്നു. ചലച്ചിത്ര ഗാനരചനാ രംഗത്ത് ആദ്യമായി രണ്ട് സ്ത്രീ എഴുത്തുകാർ ഒരുമിച്ച് പാട്ടെഴുതിയ ചരിത്രവും ആനന്ദകല്യാണത്തിൻറേതാണ്. തമിഴിലും മലയാളത്തിലുമായിട്ടാണ് ആ ഗാനം രചിച്ചത്. സംഗീത വഴിയിലേക്ക് ഒട്ടേറെ പുതുമുഖങ്ങൾക്ക് വഴിയൊരുക്കിയ ചിത്രം കൂടിയാണ് ആനന്ദകല്യാണം. പാട്ടുകളെല്ലാം മില്ല്യൺ കണക്കിന് പ്രേക്ഷകരാണ് ഏറ്റെടുത്തത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി ആ പാട്ടുകൾ തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ലോകമലയാളികൾക്ക് മൂളിനടക്കാൻ ഒത്തിരി പാട്ടുകൾ സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ആനന്ദകല്യാണം. സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാൻ നിർമ്മിക്കുന്ന ചിത്രം പി സി സുധീറാണ് സംവിധാനം ചെയ്യുന്നത്.