കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയില്‍ ദിലീപിന് വൻ തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. കേസിൽ വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചിട്ടുണ്ട്.
കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം. കൂടാതെ തന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.