ആലപ്പുഴ: നഗരസഭ പരിധിയിലെ റോഡുകളിൽ റിലയൻസിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (Optical Fiber Cable) അനധികൃതമായി സ്ഥാപിയ്ക്കുന്നത് ആലപ്പുഴ നഗരസഭ (Alappuzha Municipality) അധികൃതർ തടഞ്ഞു. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, ഉപാധ്യക്ഷൻ പി. എസ്. എം ഹുസൈൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ബാബു, കൗൺസിലർ എം ആർ പ്രേം, ഹെൽത്ത് ഓഫീസർ വർഗീസ്, ഉദ്യോഗസ്ഥരായ ഗിരീഷ്, പ്രിൻസ് എന്നിവർ ചേർന്നാണ് തടഞ്ഞത്.
നഗരസഭ പരിധിയിൽ അനുവാദം നൽകിയതിന്റെ ഇരട്ടി ദൂരം റിലയൻസ് റോഡ് കുഴിച്ചതിനെ തുടർന്ന് നഗരസഭ റോഡ് കട്ടിംഗ് ചാർജ്ജും ഫൈനും ചേർത്ത് 9.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ റിലയൻസ് ട്രിബ്യൂണലിൽ പോവുകയും റോഡ് കട്ടിംഗ് ദൂരം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ വിധിയുണ്ടാവുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കായി റിലയൻസ് നഗരസഭയെ സമീപിച്ചില്ല എന്നു മാത്രമല്ല കളർകോട് മുതൽ തിരുവാമ്പാടി വരെ പോൾ സ്ഥാപിയ്ക്കുകയും ചെയ്തു.