കൊച്ചി: ദിലീപിന്‍റെ ഫോൺരേഖകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധൻ സായ് ശങ്കറിനെ അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇതിന്‍റെ ഭാഗമായി സായി ശങ്കറിന്‍റെ കൊച്ചിയിലെ വീട്ടിൽ സൈബർ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ പരിശോധന നടത്തുകയാണ്. അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈം ബ്രാഞ്ച് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.