തിരുവനന്തപുരം;സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടൂർ ഗോപാലകൃഷ്ണൻ കമ്മിഷൻ, ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടുകൾ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയാകും നിയമ നിർമാണമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരിച്ച കൈരളി-നിള-ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സിനിമ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സർക്കാർ ശക്തമായ ഇടപെടൽ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ബോധവത്കരണത്തിനായി ‘സമം’ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ചില മേഖലകളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സങ്കടകരമാണ്. ഇക്കാര്യത്തിൽ കർശന നിലപാടു സ്വീകരിക്കാൻതന്നെയാണു തീരുമാനം. ഇതിന്റെ ഭാഗമായാണു പ്രത്യേക നിയമ നിർമാണത്തിനു നടപടിയെടുക്കുന്നത്. വരുന്ന ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളിൽ ഇതു യാഥാർഥ്യമാകും. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന ബോധ്യം സമൂഹത്തിൽ സൃഷ്ടിക്കും. സിനിമ – സാംസ്‌കാരിക രംഗത്തെ കലാകാരൻമാരെ സംരക്ഷിക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ സംരക്ഷണ കേന്ദ്രം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
150 കോടി മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ഉടൻ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഷൂട്ടിങ് കേന്ദ്രമായി ഇവിടം മാറും. ഇതു കേരളത്തിന്റെ സിനിമ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ഷൂട്ടിങിനും സിനിമ വ്യവസായത്തിനും കരുത്തേകുന്ന സിനിമ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. സിനിമ വ്യവസായത്തിൽ ഇടപെടൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു കൂടുതൽ തിയേറ്ററുകൾ നിർമിക്കും. നിലവിൽ 17 തിയേറ്ററുകളാണുള്ളത്. ഇത് 50 ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, 18ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐ.എഫ്.എഫ്.കെ) നടത്തിപ്പിനായി കൈരളി – നിള – ശ്രീ തിയേറ്ററുകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു കൈമാറി. ചലച്ചിത്ര മേഖലയ്ക്കു മികച്ച സംഭാവനകൾ നൽകിയ ചലച്ചിത്രകാരൻമാരെയും സാങ്കേതിക വിദഗ്ധരേയും ചടങ്ങിൽ ആദരിച്ചു.