ഹേഗ്: യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഫെബ്രുവരി 24 മുതൽ യുക്രെയ്നിൽ ആരംഭിച്ച സൈനിക നടപടികൾ റഷ്യ ഉടൻ അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
റഷ്യൻ ആക്രമണം കനത്ത ആൾനാശമുണ്ടാക്കിയെന്നും കോടതി പറഞ്ഞു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നുവെന്ന യുക്രെയ്ന്റെ പരാതിയിലാണ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.
റഷ്യൻ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും കോടതി ഉത്തരവിൽ പറയുന്നു. അന്താരാഷ്ട്ര നിയമം പ്രകാരം റഷ്യ ഉത്തരവ് അനുസരിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കി ആവശ്യപ്പെട്ടു. അതിനിടെ സമാധാന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
അതേസമയം, റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയോട് കൂടുതൽ സൈനിക സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്‌കി. അമേരിക്കൻ കോൺഗ്രസിനെ ഓൺലൈനായി അഭിസംബോധന ചെയ്യവേയാണ് സെലൻസ്‌കി സഹായാഭ്യർഥന നടത്തിയത്.