ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഏകാംഗ സമിതി നിയോഗിച്ച് കോൺഗ്രസ്. യുപി യിൽ ജിതേന്ദ്ര സിംഗിനും പഞ്ചാബിൽ അജയ് മാക്കനുമാണ് അന്വേഷണ ചുമതല. ഗോവയിൽ രജനി പാട്ടീലും മണിപ്പൂരിൽ ജയറാം രമേശിനും ചുമതല നൽകി.
അതിനിടെ ജി 23 നേതാക്കൾ ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് ജി 23 നേതാക്കൾ യോഗം ചേരുന്നത്. കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗൺ ഭട്ടൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥിരാജ് ചവാൻ, പി.ജെ കുര്യൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ, രാജ് ബബ്ബാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെയാണ് ജി 23 നേതാക്കൾ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ യോഗം ചേർന്ന ഇവർ നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ നിലപാടറിയിച്ചിരുന്നില്ല.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പുറത്താക്കിയിരുന്നു.