ബംഗളൂരു: ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ വ്യാഴാഴ്ച മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. കർണാടകയിലെ അമീർ-ഇ-ശരിയത്ത് മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരേ സമർപ്പിച്ച ഹർജികൾ ചൊവ്വാഴ്ച കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാകില്ലെന്നും കാമ്പസുകളിൽ സർക്കാർ നിഷ്കർഷിക്കുന്ന യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റീസ് റിതുരാജ് അവാസ്തി അധ്യക്ഷനായ വിശാല ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. യൂണിഫോമിൽ നിബന്ധനകൾ നിർദേശിച്ച സർക്കാർ ഉത്തരവ് നിലനിൽക്കും. നിയന്ത്രണം നടപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.