തൂത്തുക്കുടി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെടി വെച്ച് കൊന്ന് പോലീസ്. തൂത്തുക്കുടി പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകൻ എന്നറിയപ്പെടുന്ന ഗുണ്ടയെയാണ് പോലീസ് വെടിവെച്ച് കൊന്നത്. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മുരുകൻ.
പ്രതിയുടെ ആക്രമത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കും നെഞ്ചിനുമാണ് പരിക്ക്.
മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകണിത്. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്.
പളനിയിൽ നടന്ന ഒരു കവർച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘം സ്ഥലത്തെത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയുധങ്ങളുമായി മുരുകൻ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇതോടെയാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് തിരുനെൽവേലി ജില്ലാ പോലീസ് സൂപ്രണ്ട് പി ശരവണൻ വ്യക്തമാക്കി.
മുരുകന്റെ നെഞ്ചിലേക്കാണ് പോലീസ് വെടിവച്ചതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ മുരുകൻ മരിച്ചു. മോഷണം, കൊലപാതകം അടക്കം 60ലേറെ കേസുകളിൽ പ്രതിയാണ് മുരുകൻ. കേരളം അടക്കം നാല് സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.