കറാച്ചി: ഇന്ത്യയിൽ നിന്നുള്ള മിസൈൽ അബദ്ധത്തിൽ വീണതിനെതിരെ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മറ്റൊരു മിസൈൽ തൊടുക്കാനായിരുന്നു പാക്കിസ്ഥാൻ പദ്ധതിയിട്ടതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ചില കാര്യങ്ങൾ കണ്ടെത്തിയതിനാൽ പാക്കിസ്ഥാൻ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു എന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ അംബാലയിൽ നിന്നുമാണ് ഇന്ത്യൻ എയർഫോഴ്സ് ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പാക്കിസ്ഥാനിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. എന്നാൽ ഇന്ത്യൻ എയർ ഫോഴ്സ് മിസൈൽ വിക്ഷേപണ സംവിധാനങ്ങളെല്ലാം താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാൻ ചന്നു നഗരത്തിലാണ് മിസൈൽ പതിച്ചത്. മിസൈലിന്റെ സഞ്ചാരപാത നീരീക്ഷിച്ചുകണ്ടെത്തിയെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് ജനറൽ ബാബർ ഇഫ്തികർ അറിയിച്ചിരുന്നു.
ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ വീണതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സാങ്കേതിക പിഴവു കാരണം മാർച്ച് ഒൻപതിനാണു മിസൈൽ പാക്കിസ്ഥാനില്‍ പതിച്ചതെന്നു മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
അതേസമയം, രാജ്നാഥിന്റെ പ്രസ്താവന അപൂർണവും അപര്യാപ്തവുമാണെന്നു പറഞ്ഞ പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും സംയുക്ത അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ചു. മിസൈൽ തൊടുത്ത ഇന്ത്യയുടെ നടപടിയും അതുമായി ബന്ധപ്പെട്ട പ്രസ്താവനയും നിരുത്തരവാദപരമാണ്. വിഷയം അതീവ ഗുരുതരമാണെന്നും ഖുറേഷി പറഞ്ഞിരുന്നു.