കൊച്ചി: വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാർ ഗുരുദീൻ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഫോറൻസിക് പരിശോധനയിലാണ് ഇരുവരും സംഭാഷണം നടത്തിയെന്ന് വ്യക്തമായത്. നാല് മിനിറ്റാണ് ഇരുവരും സംസാരിച്ചത്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കും മുമ്പാണ് സംഭാഷണം നടന്നത്. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബാഞ്ച് പരിശോധിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിൽവച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽവച്ച് ഫോൺ രേഖകൾ മായിച്ചത് കണ്ടെത്തിയത്.
രാമൻപിള്ളയുടെ ഓഫീസിൽവച്ചും കൊച്ചിയിലെ ഹോട്ടലിൽവച്ചുമാണ് രേഖകൾ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറൻസിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോൺ രേഖകൾ മായിച്ചത്. സായിശങ്കർ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.
ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോൺ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വാദം നടക്കുമ്പോൾ രേഖകൾ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം, ദിലീപിന്റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ബാർ കൗൺസിലിൻറെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പരാതി നൽകണമെന്നും മറുപടി. പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു.
അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോൾ പരാതിയുടെ 30 കോപ്പികൾ നൽകണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം. ഇത് രണ്ടും നടിയുടെ പരാതിയിൽ ഇല്ലെന്ന്,ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.