ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിൽ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമിൽ എത്തി. ഇവരെ പരിശോധിക്കാതെ കേരള പൊലീസ് കടത്തിവിട്ടു. എന്നാല്‍ സംഭവം വിവാദമായപ്പോൾ നാല് പേര്‍ക്കെതിരെയും കേസെടുത്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ ഡാമിലെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുൾ സലാം, ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.
ഇവരോടൊപ്പം തമിഴ്നടിന്റെ എക്സിക്യുട്ടീവ് എഞ്ചിനീയറും സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. ഇത് വളരെ വലിയ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവര്‍ സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന. ഇവരുടെ പേരുകള്‍ ഡാമിന്റെ ജി.ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുന്ന സമയത്ത് സ്ഥലം എം.പിയായ ഡീന്‍ കുര്യാക്കോസിനും മുന്‍ ജലസേചന മന്ത്രി എന്‍.കെ പ്രേമചന്ദ്രനും ഡാം സന്ദര്‍ശിക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഇവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്.