തിരുവനന്തപുരം;10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികളിൽ പാർട്ട് ടൈം ലൈബ്രേറിയെ നിയമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘വായനയുടെ വസന്തം’ പദ്ധതിപ്രകാരം സ്കൂളുകൾക്കു നൽകുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തി വിദ്യാർഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണ് ‘വായനയുടെ വസന്ത’ത്തിലൂടെ സർക്കാർ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സ്കൂൾ ലൈബ്രറി, ലാബ് എന്നിവ സംബന്ധിച്ച് അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ചെറിയ ലൈബ്രറിയുള്ള സ്കൂളുകളിൽ, വായനയിൽ താത്പര്യമുള്ള അധ്യാപകന് ലൈബ്രറിയുടെ ചുമതല നൽകും. സ്കൂൾ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ നൽകുന്ന പദ്ധതിയിൽ പ്രസാധകർ കൂടുതൽ താത്പര്യം കാണിക്കണം. പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന പുസ്തകങ്ങൾ വിൽക്കുന്ന ഇടമാക്കി ഇതിനെ മാറ്റാൻ അനുവദിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനു യോഗ്യമായതും ഉപരിപഠനത്തിനു പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങളായിരിക്കണം വിതരണം ചെയ്യേണ്ടത്. 93 പ്രസാധകരുടെ 9.58 കോടിയുടെ പുസ്തകങ്ങളാണു പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകും. അനാവശ്യമായി ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരേയും നടപടിയെടുക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പരീക്ഷയെഴുതുന്നവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ സംസ്ഥാനത്തു നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.