തിരുവനന്തപുരം: ഗുണ്ടകളെയും എസ്.എഫ്.ഐ പ്രവര്‍ത്തകരെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ…..
ലോ കോളജിലെ യൂണിയന് ഉദ്ഘാടനത്തിനു പിന്നലെ ഇന്നലെ രാത്രി നടന്ന കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറി ആഷിക്കിനെയും മറ്റൊരു ഭാരവാഹിയായ ജിതിനെയും എസ്.എഫ്.ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. മര്‍ദ്ദനം തടയാനെത്തിയ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് നിലത്ത് കൂടി വലിച്ചിഴച്ച് കൂട്ടംകൂടി നിന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇരുപത് വയസുള്ളൊരു പെണ്‍കുട്ടിയെയാണ് മര്‍ദ്ദിച്ചത്. പെണ്മക്കള് ഉള്ളവരെങ്കിലും ഈ പറയുന്നതൊന്നു ശ്രദ്ധിക്കണം. സ്വന്തം മക്കളെ കോളജിലേക്ക് വിട്ടിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ വലിച്ചിട്ട് ചവിട്ടി കൂട്ടുമ്പോള്‍ ന്യായീകരിക്കാന്‍ നില്‍ക്കരുത്. ഇവരെ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചു. രാത്രി 12:30 ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഏഴു പേരെ മര്‍ദ്ദിച്ചു. അതിലൊരാളെ തേപ്പുപെട്ടി വച്ച് തലയില്‍ ഇടിച്ച് ബോധരഹിതനാക്കി. എന്തൊരു ക്രൂരതയാണിത്?
ഇന്നലെ കട്ടപ്പന സര്‍ക്കാര്‍ കോളജില്‍ രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ഥിനിയായ ഗായത്രിയേയും എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചു. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ലോ കോളജില്‍ അക്രമം നടന്നത്. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനെയും മകനെയും എസ്.എഫ്.ഐ നേതാവ് മര്‍ദ്ദിച്ചെന്ന വാര്‍ത്ത ഇന്ന് പത്രങ്ങളിലുണ്ട്. 2020-ല്‍ ഇയാള്‍ അസുഖം ബാധിച്ച് കിടക്കുന്ന മാതാപിതാക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും നിലവിളി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തയാളാണ്. ഫോര്‍ട്ട് പൊലീസ് ആളുമാറി പിടികൂടിയ ഓട്ടോ തൊഴിലാളിയുടെ നട്ടെല്ല് ഇടിച്ചു തകര്‍ത്തതും ഇന്നലെയാണ്. കഴിഞ്ഞ ദിവസം ഉത്സവപറമ്പില്‍ ഡാന്‍സ് ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഓട്ടോ ഡ്രൈവറെയും ദളിത് യുവാവിനെയും പോലുള്ള പാവങ്ങള്‍ക്ക് എതിരെ മാത്രമെ പൊലീസ് ആക്ട് ചെയ്യുകയുള്ളൂ. പക്ഷെ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് നോക്കി നില്ക്കും.
എം.ജി സര്‍വകലാശാല കാമ്പസില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയെ എസ്.എഫ്.ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പെണ്‍കുട്ടികളെ കാമ്പസില്‍ പഠിക്കാന്‍ വിടാന്‍ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടായിരിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കണം. ഇതിനെല്ലാം കുടപിടിച്ചു കൊടുക്കാതെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി സി.പി.എമ്മുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനയെ ഇതുപോലെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വന്ന് ഇങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നെങ്കിലും അവരെ ഉപദേശിക്കണം.
പ്രതിപക്ഷ നേതാവ് പിന്‍നിരയില്‍ ഇരിക്കുന്നവരെ പോലെ അധഃപതിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്‍നിരയില്‍ ഇരിക്കുന്നവര്‍ ഓട് പൊളിച്ച് വന്നവരൊന്നുമല്ല. അവരെയും ജനങ്ങള്‍ തെരഞ്ഞെടുത്ത് വിട്ടതാണ്. എനിക്കും അതേ നിലവാരം തന്നെയാണ്. അതില്‍ കൂടുതലൊന്നുമില്ല. അങ്ങ് എന്നെ അപമാനിച്ചു കൊണ്ട് സംസാരിച്ചത് കേരളത്തില്‍ ഗുണ്ടകളെ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് കൊടുക്കലാണ്. എന്തു വൃത്തികേടും ചെയ്യാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി ഈ പ്രസ്താവനയിലൂടെ കൊടുക്കുന്നത്. അതിവിടിടെ നടക്കില്ല. ഞങ്ങളുടെ പെണ്മക്കള് ആക്രമിക്കപ്പെടുന്ന വിഷയം നിയമസഭയില്‍ കൊണ്ടുവരും. ഞങ്ങള്‍ രൂക്ഷമായ ഭാഷയില്‍ സംസാരിക്കും, വിമര്‍ശിക്കും. അതിന് എന്താണ് കുഴപ്പം?
ഞാന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാവായി വളര്‍ന്നു വന്ന ആള് തന്നെയാണ്. അതേ ആവേശം ഇക്കാര്യങ്ങളില്‍ ഇപ്പോഴുമുണ്ട്. ഞാന്‍ അത് സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ ആരോപണത്തെ അതേരീതിയില്‍ സ്വീകരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണ് ഇരിക്കുന്നത്. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ വേണ്ടി പണ്ട് ഉത്തരവ് കൊടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് അങ്ങ് താഴരുത്. ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും ഉചിതമായ നടപടികളും സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.