തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റതായി റിപ്പോർട്ടുകൾ. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മോശമായി പെരുമാറുകയായിരുന്നു. സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സന്‍ ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രകോപിതരായ ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേര്‍ യുവാവിനെ കുത്തുകയായിരുന്നു.
ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ രണ്ടുപേരും ബൈക്കില്‍ അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ ഇവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഈ സമയം നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.