അബുദാബി: യുഎഇയിലെ സർക്കാർ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കുമുള്ള (ministries and federal authorities) റമദാൻ മാസത്തിലെ (Month of Ramadan) ഔദ്യോഗിക പ്രവൃത്തി സമയം (official working hours) യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനിൽ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.
വെള്ളിയാഴ്ചകളിൽ താമസ സ്ഥലങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വർക്കിങ് രീതികൾ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ അവർ പൂർത്തിയാക്കേണ്ട നിശ്ചിത ജോലികൾ ചെയ്‍ത് തീർത്തിരിക്കണം. ഇത്തരത്തിൽ അനുമതി നൽകാവുന്ന ജോലികൾ ഏതൊക്കെയാണെന്നും അവയിൽ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തിൽ നിറവേറ്റാനാവുന്നതെന്നും അധികൃതർ കണ്ടെത്തും.