പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ. വനംവകുപ്പിനോടും ജീവനക്കാരോടും ഉള്ള വിരോധം തീർക്കലാണ് ഇതിന് പിന്നിലെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തീ സ്വാഭാവികമല്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി റിപ്പോർട്ട് തേടി. സൈലന്റ് വാലിയിലെ തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലായിരുന്നു തീ പടർന്നത്. മൂന്ന് ദിവസമായി തുടരുന്ന തീ ഇന്നലെയാണ് നിയന്ത്രണ വിധേയമാക്കിയത്.
കാട്ടുതീ ഇന്ന് പൂർണ്ണമായും അണയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിൽ വൻ മരങ്ങൾ ഉൾപ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്. നാട്ടുകാരുടെയും എൻജിഒകളുടെയും ഉൾപ്പെടെ സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്‌ക്കാൻ ശ്രമിക്കുന്നത്.