മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ റഷ്യ ഉപരോധം ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. യുഎസ് ഉപരോധങ്ങളോടുള്ള പരസ്പര പ്രതികരണമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും മറ്റ് ഒരു ഡസൻ ഉന്നത ഉദ്യോഗസ്ഥരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി മാർച്ച് 15 ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ ഉൾപ്പടെ 13 പേർക്കാണ് വിലക്ക്.
നിലവിലെ യുഎസ് ഭരണകൂടം പിന്തുടരുന്ന അങ്ങേയറ്റം ‘റസ്സോഫോബിക്’ നയത്തിന്റെ അനന്തരഫലമാണ് നടപടിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വാഷിംഗ്ടണുമായി ഔദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ പട്ടികയിലുള്ളവരുമായി ഉന്നതതല സമ്പർക്കം നടത്താൻ കഴിയുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 24 ന് യുക്രൈൻ അധിനിവേശത്തിന് ശേഷം അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.