ഹൈദരാബാദ്: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ തെലങ്കാന വിദ്യാര്‍ത്ഥികള്‍ക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോഴും യുദ്ധം തുടരുകയാണ്. തിരിച്ചുവന്നവരുടെ ഭാവി എന്താകും? അതിനാല്‍, അവരുടെ വിദ്യാഭ്യാസം ഇവിടെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കും. അവരുടെ ഭാവി നശിക്കാതിരിക്കാന്‍ ഞങ്ങള്‍ ചെലവ് ഏറ്റെടുക്കും”, മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
രാജ്യത്തുടനീളമുള്ള 20,000-ല്‍ അധികം വിദ്യാര്‍ഥികളാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രൈനില്‍ ഉണ്ടായിരുന്നത്. തെലങ്കാനയില്‍ നിന്നുള്ള 740 മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 710 പേരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.