ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കസേര തെറിച്ചവരില്‍ നവ്ജ്യോത് സിംഗ് സിദ്ദുവും ഉള്‍പ്പെടും. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണംനിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവര്‍ തോല്‍ക്കുകയുണ്ടായി.
തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം. അധ്യക്ഷയായി തുടരുന്നതിനും സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിനിടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാളെ വിശാല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ പ്രതിഷേധിച്ചിരുന്നില്ല.
അതേസമയം, കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. കപിൽ സിബൽ കോൺഗ്രസ് പാരമ്പര്യമുളള നേതാവെല്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. കോൺഗ്രസിന്റെ എ.ബി.സി.ഡി അറിയാത്ത ഒരാളിൽ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.