പനാജി: ഗോവ നിയമസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുതിയ എം എൽ എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എമാർ നിയമസഭ കവാടത്തിന് മുന്നില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്‌തു.
വെള്ളിയാഴ്ച ഹോളി ഉത്സവത്തിന് ശേഷം മാത്രമേ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് ബി ജെ പി ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരേസമയം പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.
അതേസമയം അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ എം എല്‍ എമാർക്ക് തന്നെ നിലവില്‍ വലിയ വ്യക്തയില്ല. തിങ്കളാഴ്ച, സാൻവോർഡെം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗണേഷ് ഗാവോങ്കർ ഗോവ രാജ്ഭവനിൽ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.