ഉഡുപ്പി: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതിയുടെ വിധിയിൽ കടുത്ത നിരാശരെന്ന് ഹർജി സമർപ്പിച്ച വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് ഒരു നീതിയും ലഭിച്ചില്ലെന്ന് ഹർജിക്കാരായ ആറ് വിദ്യാർത്ഥികൾ വിധിയിൽ പ്രതികരണം അറിയിച്ചു. ഭരണഘടനാമൂല്യങ്ങൾ കോടതി ഉയർത്തിപിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളേജിൽ പോകുമെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
പ്രാദേശിക തലത്തിൽ പരിഹരിക്കപ്പെടേണ്ട ഹിജാബിന്റെ പ്രശ്നം ഇപ്പോൾ രാഷ്ട്രീയ-സാമുദായിക പ്രശ്നമായി എന്നും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലി കോളേജുകളിൽ സംഘർഷം രൂപപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ എത്തിയത്.