മലപ്പുറം: ചാലിയാറിൽ (Chaliyar) ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട (Boat Accident) കുടുംബത്തെ രക്ഷിച്ച് യുവാക്കൾ. കഴിഞ്ഞ ദിവസം ചാലിയാറിലൂടെ ഉല്ലാസ യാത്ര നടത്തുന്ന ഏഴംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ചാലിയാറിലെ കുനിയിൽ ഇരുമാൻകടവിന് സമീപമാണ് അപകടം. പൂങ്കുടി ഭാഗത്ത് നിന്ന് ചെറിയ മോട്ടോർ ഘടിപ്പിച്ച ബോട്ടിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേരുമായി പോകുകയായിരുന്ന ബോട്ടാണ് അഞ്ചാൾ വെള്ളമുള്ള സ്ഥലത്ത് മറിഞ്ഞത്.
സ്വയരക്ഷാ ഉപകരണങ്ങളില്ലാത്തത്തിനാൽ മരണം മുന്നിൽ കണ്ട കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളി കേട്ട പുഴക്കരികിലെ വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പുഴയുടെ നടുവിൽ മറിഞ്ഞ ബോട്ടും അതിനരികിൽ മുങ്ങിത്താഴുന്ന യാത്രക്കാരെയുമാണ്. ഉടനെ സമീപ വീടുകളിലുണ്ടായിരുന്ന യുവാക്കൾ പുഴയിലേക്ക് എടുത്തുചാടി. നാല് പേർ വെള്ളത്തിലേക്ക് ചാടി അവർക്കരികിലേക്ക് നീന്തിയെത്തി. മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ മറിഞ്ഞ ബോട്ടിന്റെ പുറത്തേക്ക് കയറ്റി നിർത്തി. മറ്റുള്ളവരെ ബോട്ടിന്റെ വശത്ത് പിടിച്ച് നിർത്തി.
തുടർന്ന് പുഴയുടെ അരിക് ചേർത്ത് കെട്ടിയിരുന്ന തോണിയെടുത്ത് അവർക്കരികിലേക്ക് തുഴഞ്ഞെത്തി. ഓരോരുത്തരെയായി തോണിയിൽ കയറ്റി കരയിലേക്കെത്തിച്ചു. വലിയ ദുരന്തമായി മാറുമായിരുന്ന സാഹചര്യത്തിൽ ആത്മ ധൈര്യത്തോടെ രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരായ ശിഹാബ്, റഫീഖ്, ഷഫീഖ്, ഷാനിബ്, റാസിഖ്, അന്നാഫ് എന്നിവർ നാടിന്റെ അഭിമാന താരങ്ങളായി. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ എന്നിവർ അഭിനന്ദിച്ചു. സ്വകാര്യമായി ഓട്ടിയ ബോട്ടിന് സർവീസ് നടത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല.