തൃശൂർ: ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൃശൂർ തളിക്കുളം സ്വദേശി പോലീസ് പിടിയിൽ. സൈബർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയിൽ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയിൽ ആണ് അറസ്റ്റിലേക്ക് നയിച്ചത്. തളിക്കുളം ഇടശേരി പുതിയവീട്ടിൽ ഹസൻ (29) നെയാണ് പിടികൂടിയത്. ദുബായിലായിരുന്ന ഹസൻ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടന തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്തൊനേഷ്യയിൽ അധ്യാപികയായ സ്ത്രീയുമായി ഇയാൾ സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ അകന്നതിന് പിന്നാലെ ഹസൻ സ്ത്രീയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അകൗണ്ട് നിർമ്മിച്ചു. തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോകളും ഈ പ്രൊഫൈൽ വഴി പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ യുവതി നൽകിയിരിക്കുന്ന പരാതി.