ജയ്പൂര്‍: ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ചൈനയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ലോകത്താകമാനം കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ ചൈനയിലെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
പ്രത്യേകിച്ച് രണ്ട് വര്‍ഷം മുമ്പ് ചൈനയിലാണ് കൊവിഡ് ഉത്ഭവിച്ചതെന്നിരിക്കെ, അതുകൊണ്ടു തന്നെ ആളുകളുടെ യാത്രയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം, അവഗണിക്കരുതെന്നാണ് കഴിഞ്ഞ മൂന്ന് തംരഗങ്ങളില്‍ നിന്നും പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപ നഗരമായ ഹോങ് കോങ്ങിലേക്ക് കൊവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.