ന്യൂഡൽഹി: സിപിഎമ്മിനു പിന്നാലെ സിപിഐയിലും പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനം. സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങൾക്ക് 75 വയസ്സായും ബ്രാഞ്ച് സെക്രട്ടറിമാർക്ക് 45 വയസ്സായും ജില്ലാ സെക്രട്ടറിമാർക്ക് 60 വയസ്സായും പ്രായപരിധി ഏർപ്പെടുത്തും. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർദേശം.
പാർട്ടി കമ്മിറ്റികളിൽ 15 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനും പട്ടിക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വിവിധ സമിതികളിൽ ഉറപ്പാക്കാനും നിർദേശമുണ്ട്. കോൺഗ്രസുമായി പ്രാദേശിക സഖ്യം ഉണ്ടെന്നും എന്നാൽ, ബിജെപിയെ തോൽപ്പിക്കാൻ ദേശീയ തലത്തിൽ കോൺഗ്രസ് ഉൾപ്പെട്ട വിശാല മതേതര കൂട്ടായ്മ വേണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ നെഞ്ചിടിപ്പേറ്റിയ യുദ്ധത്തിന് കാരണക്കാർ നാറ്റോയാണെന്നും റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രൈനടക്കം യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസുമായി പ്രാദേശികതലത്തിൽ നിലവിൽ സഹകരണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ സഖ്യത്തിന് വാതിലുകൾ തുറന്നു കിടക്കുകയാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗൗരവമായി വിലയിരുത്തണം. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെട്ട വിശാല മതേതര കൂട്ടായ്മ ആവശ്യമാണ്. പി എഫ് പലിശ നിരക്ക് കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.