തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ച കേസിൽ അറസ്റ്റിലായ ആർ.വിനോയ് ചന്ദ്രനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസിൽ വിജിലൻസാണ് ഇയാളെ പിടികൂടിയത്.
കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ട് ആയ വിനോയ് ചന്ദ്രൻ ഗെയിൻ പിഎഫിന്റെ സംസ്ഥാന നോഡൽ ഓഫിസർ ആണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതും കടുത്ത അച്ചടക്ക ലംഘനവും ബോദ്ധ്യമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. വിനോയ് ചന്ദ്രനെതിരെ വകുപ്പ് തല അച്ചടക്കനടപടി അടിയന്തിരമായി ആരംഭിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പിഎഫ് തുക പാസാക്കണമെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് അദ്ധ്യാപികയോട് വിനോയ് ചന്ദ്രൻ ആവശ്യപ്പെട്ടത്. ഇതിനായി അദ്ധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് വിനോയ് ചന്ദ്രനെ കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.