ന്യൂഡൽഹി: ടാറ്റ സൺസ് മേധാവി എൻ. ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി നിയമിച്ചു. എയർ ഇന്ത്യയുടെ ചെയർമാനായി നടരാജൻ ചന്ദ്രശേഖരനെ നേരത്തെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നിയമനം ബോർഡ് സ്ഥിരീകരിച്ചു.
നേരത്തെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽസർ ഐസിയെ നിയമിച്ചെങ്കിലും അത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. എയർ ഇന്ത്യക്ക് പ്രൊഫഷണൽ സി.ഇ.ഒയെ കണ്ടെത്തുകയാണ് ചന്ദ്രശേഖരനു മുന്നിലെ പ്രധാന ദൗത്യം.
68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുകയാണ്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങൾക്കും തുടക്കമിട്ടിരിക്കുന്നു.
2016 ഒക്ടോബറിൽ ടാറ്റ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിൽ ചെയർമാനായി നിയമിതനായി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
ടിസിഎസിലെ 30 വർഷത്തെ ബിസിനസ് ജീവിതത്തെ തുടർന്നാണ് ചെയർമാനായി അദ്ദേഹത്തിന്റെ നിയമനം. പ്രമുഖ ആഗോള ഐടി സൊല്യൂഷൻ ആൻഡ് കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചന്ദ്രശേഖരൻ പ്രവർത്തിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനം ഇന്ത്യയിൽ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.