കീവ്: റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ ചെര്‍ണോബില്‍ ആണവ നിലയത്തിന് തകരാർ സംഭവിച്ചതായി ഓപ്പറേറ്റര്‍മാരായ യുക്രെനേര്ജൊ വ്യക്തമാക്കി. ആണവനിലയത്തെ സ്ലാവുട്ഷ് നഗരവുമായി ബന്ധിപ്പിക്കുന്ന ലൈനിനാണ് കേടുപാട് സംഭവിച്ചതെന്നും ഓപ്പറേറ്റര്‍മാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഇതുമൂലം വൈദ്യുത വിതരണം മൊത്തത്തില്‍ തടസപ്പെട്ടോയെന്ന കാര്യത്തില്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തതവരുത്തിയിട്ടില്ല. എന്നാല്‍ കേടുപാടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആണവനിലയത്തിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം പരിഹരിച്ചുവെന്നാണ് യുക്രെയ്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
മേഖലയില്‍ ഇനിയൊരു ദുരന്തത്തിന് ആക്രമണം കാരണമാകരുതെന്നും റഷ്യ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ ഖുലേബ അന്ന് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് ലോകം സാക്ഷിയാകുമെന്നും ഖുലേബ പറഞ്ഞിരുന്നു.