അബുദാബി : എക്സ്പ്രസ് ബസ് സർവീസ് ആരംഭിക്കുന്ന ഇന്നുമുതൽ അബുദാബി യാത്രയ്ക്ക് വേഗം കൂടും. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെയാണ് യാത്രക്കാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ അബുദാബിയിൽ പരീക്ഷിക്കുന്ന സേവനം പിന്നീട് മറ്റു എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു.
മറ്റു സ്റ്റോപ്പുകളിൽ വാഹനം നിർത്തില്ലെന്നത് ദീർഘദൂര യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കും. നിലവിൽ വിവിധ സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു പോകുന്നതിനാൽ യാത്രയ്ക്ക് മണിക്കൂറുകൾ എടുക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് നേരിട്ടുള്ള നോൺസ്റ്റോപ് സേവനമെന്ന് ഐടിസി വ്യക്തമാക്കി.
2 ഘട്ടമായി തുടങ്ങുന്ന സേവനത്തിൽ ആദ്യം മുസഫ വ്യവസായ മേഖലയിൽനിന്ന് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കും ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽഫല എന്നിവിടങ്ങളിൽനിന്ന് അബുദാബി നഗരത്തിലേക്കുമാണ് സർവീസ്. യാത്രക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സ്ഥലവും സമയവും നിർണയിച്ചാണ് സേവനം. രണ്ടാം ഘട്ടത്തിൽ അൽ ഹായർ, അൽഫഖ, സ്വൈഹാൻ, അൽഷിവൈബ്, നാഹിൽ, അബു സംറ, അൽ വിഖാൻ, അൽഖുവ എന്നിവിടങ്ങളിൽനിന്ന് അൽഐൻ നഗരത്തിലേക്കാണ് എക്സ്പ്രസ് സർവീസ്. അബുദാബി നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആഴ്ചയിൽ 680 ട്രിപ്പുകളുണ്ടാകും.
തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 5 മുതൽ രാത്രി 10 വരെയം വാരാന്ത്യ, പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ ഒന്നുവരെയുമാണു സേവനം. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസുണ്ടാകും. അൽഗസൽ ട്രാൻസ്പോർട്ട് കമ്പനി, എമിറേറ്റ്സ് ടാക്സി കമ്പനികളുമായി സഹകരിച്ചാണ് സേവനം.