ജീവനക്കാർ വിനോദ സഞ്ചാരികളെ മർദിച്ചു.ശനിയാഴ്ച രാത്രി എട്ട് മണിയോടെ മൂന്നാര്‍ ടോപ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മൂന്നാര്‍ സന്ദര്‍ശിക്കാൻ എത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്, ഇവരെത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.
ടോപ് സ്റ്റേഷനിൽ എത്തിയ മുപ്പത്തിയെട്ടുപേരടങ്ങുന്ന സംഘം അവിടെയുള്ള ഒരു ചായക്കടയില്‍ കയറി. ലഭിച്ച ചായ തണുത്ത് പോയെന്ന് ആരോപിച്ച് ചൂടുള്ള ചായ സംഘത്തിലൊരാള്‍ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം കാലിയാക്കി, പക്ഷെ ഹോട്ടല്‍ ജീവനക്കാര്‍ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളില്‍ ബസിനെ പിന്തുടര്ന്നു.
യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിൽ എത്തിയ സംഘം തടഞ്ഞു. വിനോദ സഞ്ടാരികളേയും ബസിന്റെ ജീവനക്കാരേയും തടഞ്ഞ് ബസിന് പുറത്തിറക്കി ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.